ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സീരീസ്: ഭാഗം - 2

യന്ത്രങ്ങൾ കണ്ടുപിടിച്ച കാലം മുതൽക്കേ മനുഷ്യനെ ത്രസിപ്പിച്ചിരുന്ന ആശയമായിരുന്നു സ്വയബുദ്ധിയോടെ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ. കുറെ യന്ത്രഭാഗങ്ങളുടെ ചലനത്തെമാത്രം അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന യന്ത്രങ്ങളിൽ നിന്ന് ഇന്നു നമ്മുടെ സാങ്കേതികവിദ്യ വളരെയേറെ മുന്നോട്ടുപോയിരിക്കുന്നു. ആ വഴിയിലെ ചില പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങളാണ് ഈ ഭാഗത്തിൽ.

ഈ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം. കംപ്യൂട്ടർ എന്ന മെഷിൻ നിര്മിക്കപ്പെടുന്നതിനുമുമ്പ് ഇങ്ങനെയൊരു മഷിന്റെ സാധ്യതകളെക്കുറിച്ചു ചില സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഇന്നത്തെ കംപ്യൂട്ടറുകൾ പലതും അത്തരം സിദ്ധാന്തങ്ങൾ അടിസ്ഥാനമാക്കി നിർമിക്കപ്പെട്ടവയാണ്. 1950 നു മുൻപുള്ള ആ കാലഘട്ടത്തിലെ പ്രധാന നാഴികക്കല്ലുകളാണ് ഈ ഭാഗത്തിൽ. സിദ്ധാന്തങ്ങളിൽ നിന്നും കമ്പ്യൂട്ടർ എന്ന മെഷിൻ എങ്ങനെയാണ് യാഥാർഥ്യമായതു എന്നതും അതിനോടൊപ്പം മെഷീൻ ലേർണിംഗ്/ കൃത്രിമബുദ്ധി ഉണ്ടാക്കാനുള്ള ശ്രമങ്ങളുമാണ് രണ്ടാം ഭാഗം. അത് 1980 കളോടെ അവസാനിക്കും. പിന്നീട് AI ഗവേഷണം ഉയർത്തെഴുന്നേൽക്കുന്നത് 2006 ലാണ്. അന്നുതൊട്ടുള്ള ചെറുചരിത്രവും അതിനു ചുക്കാൻപിടിച്ച ഇന്നത്തെ പ്രമുഖരായ ഗവേഷകരെപ്പറ്റിയുമായിരിക്കും മൂന്നാം ഭാഗം. 

1642 : Pascal’s Calculator

1642, ഈ വർഷമാണ് ബ്ലേയ്‌സ് പാസ്കൽ എന്ന ഇരുപതുകാരൻ മെക്കാനിക്കൽ കാൽക്കുലേറ്റർ കണ്ടുപിടിക്കുന്നത്. കുറെ ഗിയറുകളും വീലുകളും ഉപയോഗിച്ച്‌ രണ്ടു സംഖ്യകൾ കൂട്ടാനും കുറക്കാനും കഴിയുന്ന യന്ത്രമായിരുന്നു ആദ്യത്തെ കാൽക്കുലേറ്റർ. ടാക്സ് കമ്മീഷനായിരുന്ന തന്റെ പിതാവിനു ജോലിഭാരം കുറയ്ക്കാനാണ് പാസ്കൽ ഇത്തരമൊരു യന്ത്രം നിർമിച്ചത്. ഒരു മെക്കാനിക്കൽ കാല്കുലേറ്ററിനു മെഷീൻ ലേർണിംഗുമായി എന്തുബന്ധം എന്ന് നിങ്ങള്ക്ക് സംശയം തോന്നിയേക്കാം. ഒരു പക്ഷെ, ഡാറ്റ ഓട്ടോമാറ്റിക് ആയി പ്രോസസ്സ് ചെയ്യാൻ മനുഷ്യൻ കണ്ടുപിടിച്ച ആദ്യത്തെ യന്ത്രമെന്ന നിലക്കാണ് ഈ കാല്കുലേറ്ററിനു പ്രാധാന്യം. (കൂടുതൽ വായനക്ക് : Pascal’s Calculator)

1801 : Punched Cards : Data storage 

ഇന്നത്തെ മെഷീൻ ലേർണിംഗിന് ധാരാളം ട്രെയിനിങ് ഡാറ്റ വേണമെന്ന് കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞിരുന്നുവല്ലോ. കംപ്യുട്ടറിന്റെ വളർച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലായിരുന്നു punched cards ഉപയോഗപ്പെടുത്തിയുള്ള ആദ്യത്തെ ഡാറ്റ സ്റ്റോറേജ് ഡിവൈസ്. അത് കണ്ടുപിടിച്ചതാകട്ടെ ഒരു കൈത്തറിയിൽ ഒരേ പാറ്റേണിലുള്ള വസ്ത്രങ്ങൾ നെയ്യാനും! ഫ്രഞ്ചുകാരനായിരുന്ന ജോസഫ് മേരി ജാക്ക്വാർഡ് എന്ന കൈത്തറിമുതലാളിയാണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ. ഇവ ജാക്ക്വാർഡ് കൈത്തറികൾ (Jacquard Loom) എന്നാണു അറിയപ്പെടുന്നത്. ഒരു മെറ്റൽ ഷീറ്റിൽ നമുക്കു വേണ്ട നെയ്ത്തുപാറ്റേണിന് അനുസരിച്ചു കുറെ തുളകൾ ഇട്ടാണ് അദ്ദേഹം punched cards ഉണ്ടാക്കിയത് (ചിത്രം കാണുക). ആ തുളകളിലൂടെ ഓരോ നിറത്തിലുള്ള നൂലുകൾ കടത്തിവിടുമ്പോൾ നമുക്ക് വേണ്ട പാറ്റേൺ കിറുകൃത്യമായി വീണ്ടും വീണ്ടും ഉണ്ടാക്കാൻ സാധിക്കും. ഓരോ ഡിസൈനിനും അനുസരിച്ച്‌ പുതിയ punched cards ഉണ്ടാക്കും. ഇതെങ്ങനെയാണ് ഡാറ്റ സ്റ്റോറേജ് ആകുന്നതെന്നാവും നിങ്ങളുടെ സംശയം. ഒരേ പാറ്റേണുകളെ പ്രത്യേകരീതിയിൽ സൂക്ഷിക്കുകയായിരുന്നു ആ തുളകൾ! ആദ്യകാലത്തെ കമ്പ്യൂട്ടറുകളിൽ ഇതിന്റെ പരിഷ്കരിച്ച വകഭേദമാണ് ഡാറ്റ സൂക്ഷിക്കാൻ ഉപയോഗപ്പെടുത്തിയിരുന്നത്. (കൂടുതൽ വായനക്ക്: Jacquard’s Loom)

1837: Charles Babbage: The father of computers 

പാസ്കലിന്റെ മെക്കാനിക്കൽ കാല്കുലേറ്ററും ജാക്ക്വാഡിന്റെ punched cards ഉം ഉപയോഗിച്ച്, കമ്പ്യൂട്ടർ സയൻസിന്റെ പിതാവെന്നറിയപ്പെടുന്ന ചാൾസ് ബാബേജ് കംപ്യൂട്ടറിന്റെ ആദിമരൂപം നിർമിക്കാൻ ശ്രമം തുടങ്ങി. Analytical Engine എന്നറിയപ്പെട്ടിരുന്ന ഈ മെക്കാനിക്കൽ കമ്പ്യൂട്ടറിനു ഇന്നത്തെ കമ്പ്യൂട്ടറിൽ കാണുന്ന arithmetic logic unit (ALU), control flow തുടങ്ങിയവയും ഉണ്ടായിരുന്നു. പ്രധാനമായും സങ്കലനം, വ്യവകലനം, ഗുണനം, ഹരണം അടിസ്ഥാന ഗണിതക്രിയകൾ മാത്രം ചെയ്യാൻ പര്യാപ്തമായ ഒരു മെക്കാനിക്കൽ കംപ്യൂറ്ററായിരുന്നു analytical engine. നമുക്ക്‌ ചെയ്യണ്ട ഗണിതക്രിയയും (+, - , *, /) സംഖ്യകളും punched cards ഉപയോഗിച്ച് ഇൻപുട്ടായി സ്വീകരിക്കുകയും അവയുടെ ഉത്തരം കാണിക്കാൻ ഔട്ട്പുട്ടിന് ഒരു പ്രിന്ററും ബെല്ലുമാണ് ഉപയോഗിച്ചിരുന്നത്. ഇന്നത്തെ കാലത്തെ മോണിറ്ററുകൾ അന്നില്ലല്ലോ. ആശയം ഗംഭീരമായിരുന്നെങ്കിലും അനലിറ്റിക്കൽ എൻജിൻ നിർമിക്കാൻ ബാബേജിനായില്ല.  മേലധികാരിയുമായുള്ള പ്രശ്നങ്ങളും ഫണ്ടിങ്ങിന്റെ അഭാവവുമായിരുന്നു കാരണം. എന്നിരുന്നാലും ഇന്നത്തെ ഇലക്ട്രോണിക് യുഗത്തിലെ കംപ്യൂട്ടറുകളെല്ലാം ബാബേജ് മുന്നോട്ടുവച്ച ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിർമിച്ചിരിക്കുന്നത്‌. (കൂടുതൽ വായനക്ക്: Anlaytical Engine)

**1842: Ada Lovelace : First Computer programmer **

ഒരു സാധാരണ കാൽക്കുലേറ്റർ എന്നതിലുപരി ഒരു കമ്പ്യൂട്ടറിനു അതിലും സങ്കീർണമായ പലതും ചെയ്യാനാവുമെന്നു ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞയായിരുന്ന അഡ ലവ്ലെയ്സ് തിരിച്ചറിഞ്ഞു. ഇതിനായി ഓരോ ടാസ്കിനും കമ്പ്യൂട്ടർ എതൊക്കെ സ്റ്റെപ്പുകൾ എടുക്കണമെന്ന് കാണിക്കുന്ന അൽഗോരിതമെന്ന ആശയം അവർ മുന്നോട്ടുവച്ചു. ഉദാഹരണത്തിന് മ്യൂസിക് നോട്ടുകളെ അടയാളപ്പെടുത്താൻ സംഖ്യകളെ ഉപയോഗിച്ചാൽ, ഒരു കമ്പ്യൂട്ടറിന് ആ മ്യൂസിക്കിനെ പ്രോസസ്സ് ചെയ്യാൻ സാധിക്കുമെന്നു അവർ കണ്ടെത്തി. ഒരുപക്ഷേ അനലിറ്റിക്കൽ എൻജിന്റെ സൃഷ്ടാവായ ചാൾസ് ബാബേജ്പോലും തിരിച്ചറിയാത്ത ആശയം. ഇന്നത്തെ ഓരോ കംപ്യൂട്ടർ പ്രോഗ്രാമും ഓരോ അൽഗോരിതങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഡാറ്റയെ, അത് ഫോട്ടോ ആകട്ടെ, മ്യൂസിക് ആകട്ടെ, letters ആകട്ടെ, കമ്പ്യൂട്ടറുകൾ കാണുന്നത് കുറെ സംഖ്യകൾ ആയിട്ടാണ്. ഉദാഹരണം പറഞ്ഞാൽ, ഫോട്ടോ എഡിറ്റിംഗ് ഇൽ brightness കൂട്ടുമ്പോൾ, നിങ്ങളുടെ ഭംഗി കൂട്ടുമ്പോൾ, enlarge ചെയ്യുമ്പോളെല്ലാം സംഖ്യകളായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന നിങ്ങളുടെ ഫോട്ടോയിലെ സംഖ്യകൾ ചില അൽഗോരിതങ്ങൾക്കനുസരിച്ചു മാറ്റപ്പെടുകയാണ് ചെയ്യുന്നത്. ഇതാണ് 160 വർഷങ്ങൾക്കുമുൻപ് അഡ ലവ്ലെയ്സ് എന്ന ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ മുന്നോട്ടുവച്ച ആശയവും. (കൂടുതൽ വായനക്ക്: Ada Lovelace)

**1890 Census statistics calculator **

 US സെൻസസ് ഡാറ്റയിൽ നിന്ന് പലതരം സ്റ്റാറ്റിസ്റ്റിക്‌സ് കണക്കാക്കാൻ ഉപയോഗിച്ചിരുന്ന data tabulating machine. ഹെർമൻ ഹോളറിത് കണ്ടുപിടിച്ച ഈ ഉപകരണം 1890-ഇലെ US സെൻസസ് ഡാറ്റ അനലൈസ് ചെയാനാണ് പ്രധാനമായും ഉപയോഗിച്ചത്. ഇന്നത്തെ IBM-ഇന്റെ മാതൃകമ്പനിയുടെ സ്ഥാപകനാണ് ഇദ്ദേഹം.

1927: First Robot on silver screen

ആദ്യമായി സ്വയം ചിന്തിക്കുന്ന ഒരു റോബോട്ട് സിനിമയിൽ പ്രത്യക്ഷപ്പെട്ടു. സിനിമയിലെ ഭാവനകളാണ് പല കണ്ടുപിടുത്തങ്ങൾക്കും കാരണമായിട്ടുള്ളത്. അല്ലെങ്കിലും നമുക്കു സിനിമ വിട്ടൊരു കളിയുമില്ല. Sci-Fi ഫിക്ഷൻ എന്ന ജോണർ തന്നെയുണ്ടല്ലോ.  Metropolis എന്ന ചിത്രത്തിൽ False Maria എന്ന റോബോട്ട് ക്യാരക്ടർ പക്ഷെ ആളുകളെ തമ്മിലടിപ്പിക്കുന്ന ഒരു വില്ലൻ കഥാപാത്രമായിരുന്നു.

**1936: Alan Turing’s Universal Machine **

ഓരോ ടാസ്ക് ചെയ്യുന്നതിനും നമ്മൾ മനുഷ്യർ ഓരോ രീതി പിന്തുടരുന്നുണ്ട്. step-by-step ആയിട്ടാണ് നമ്മൾ സങ്കീർണമായ പലജോലികളും പൂർത്തിയാക്കുന്നത്. അതുപോലെ മെഷിനുകൾക്കും പല സങ്കീർണമായ ജോലികളും ചെയ്യാൻ സാധിക്കുമെന്ന് ഇംഗ്ലീഷ് ഗണിതജ്ഞനും cryptologist -മായ അലൻ ടൂറിംഗ് 1936 ഇൽ ഒരു സിദ്ധാന്തം അവതരിപ്പിച്ചു. ഈ സിദ്ധാന്തമാണ് ആധൂനിക കമ്പ്യൂട്ടർ സയൻസിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത്. (കൂടുതൽ വായനക്ക്:Turing Machine)

_______________________________________________________________________
കമ്പ്യൂട്ടർ സയൻസിന്റെ വളർച്ചയുടെ ആദ്യഘട്ടങ്ങളും അടിസ്ഥാനതത്വങ്ങളും സിദ്ധാന്തങ്ങളുമാണ് ഈ പോസ്റ്റിൽ പറയാനുദ്ദേശിച്ചത്. ഇത്തരം സിദ്ധാന്തങ്ങളിൽ നിന്നും കമ്പ്യൂട്ടർ എന്ന, ഇന്നു ദൈനംദിനം ഉപയോഗത്തിലിരിക്കുന്ന മെഷിൻ എന്ന യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് അടുത്ത ഭാഗത്തിൽ.
ഈ ലിസ്റ്റ് തീർച്ചയായും അപൂർണ്ണമാണ്‌. 1950 വരെയുള്ള കണ്ടുപിടുത്തങ്ങളാണ് ഈ ഭാഗത്തിൽ ഉദ്ദേശിക്കുന്നത്. വിട്ടുപോയവ വായനക്കാർ പറയുന്നതിന് അനുസരിച്ചു ഇവിടെ എഡിറ്റ് ചെയ്യാം.

-ജോർജ് ബൂളിന്റെ Boolean algebra. ബൈനറി സംഖ്യകൾ വച്ചുള്ള ഗേറ്റ് ഓപ്പറേഷനുകൾ (NOT, AND, OR Gates തുടങ്ങിയവ ).

__________________________________________________________________________

വാൽ: മഹാഭാരതകാലത്തെ ഇന്റർനെറ്റും, മെഷിൻ ലേണിങ്ങിനു ഏറ്റവും അനുയോജ്യമായ പ്രോഗ്രാമിങ് ലാംഗ്വേജ് ആയ സംസ്കൃതവും തുടങ്ങി പുരാതനഭാരതത്തിലെ സാങ്കേതികവിദ്യകളൊന്നുംതന്നെ ഈ സീരിസിലെ ചരിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനെപ്പറ്റി പറയാൻ നമുക്ക് മന്ത്രിമാരും ‘പരിവാര’ങ്ങളുമുള്ളതുകൊണ്ടാണ്. ആർഷഭാരതസ്നേഹികൾ ക്ഷമിക്കുമല്ലോ.
_________________
Image sources : Wikipaedia

Deepak Baby
Deepak Baby
Applied Scientist

My research interests include speech recognition, enhancement and deep learning.

comments powered by Disqus

Related