Hero Image
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സീരീസ്: ഭാഗം - 2

യന്ത്രങ്ങൾ കണ്ടുപിടിച്ച കാലം മുതൽക്കേ മനുഷ്യനെ ത്രസിപ്പിച്ചിരുന്ന ആശയമായിരുന്നു സ്വയബുദ്ധിയോടെ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ. കുറെ യന്ത്രഭാഗങ്ങളുടെ ചലനത്തെമാത്രം അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന യന്ത്രങ്ങളിൽ നിന്ന് ഇന്നു നമ്മുടെ സാങ്കേതികവിദ്യ വളരെയേറെ മുന്നോട്ടുപോയിരിക്കുന്നു. ആ വഴിയിലെ ചില പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങളാണ് ഈ ഭാഗത്തിൽ. ഈ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം. കംപ്യൂട്ടർ എന്ന മെഷിൻ നിര്മിക്കപ്പെടുന്നതിനുമുമ്പ് ഇങ്ങനെയൊരു മഷിന്റെ സാധ്യതകളെക്കുറിച്ചു ചില സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഇന്നത്തെ കംപ്യൂട്ടറുകൾ പലതും അത്തരം സിദ്ധാന്തങ്ങൾ അടിസ്ഥാനമാക്കി നിർമിക്കപ്പെട്ടവയാണ്. 1950 നു മുൻപുള്ള ആ കാലഘട്ടത്തിലെ പ്രധാന നാഴികക്കല്ലുകളാണ് ഈ ഭാഗത്തിൽ. സിദ്ധാന്തങ്ങളിൽ നിന്നും കമ്പ്യൂട്ടർ എന്ന മെഷിൻ എങ്ങനെയാണ് യാഥാർഥ്യമായതു എന്നതും അതിനോടൊപ്പം മെഷീൻ ലേർണിംഗ്/ കൃത്രിമബുദ്ധി ഉണ്ടാക്കാനുള്ള ശ്രമങ്ങളുമാണ് രണ്ടാം ഭാഗം. അത് 1980 കളോടെ അവസാനിക്കും. പിന്നീട് AI ഗവേഷണം ഉയർത്തെഴുന്നേൽക്കുന്നത് 2006 ലാണ്. അന്നുതൊട്ടുള്ള ചെറുചരിത്രവും അതിനു ചുക്കാൻപിടിച്ച ഇന്നത്തെ പ്രമുഖരായ ഗവേഷകരെപ്പറ്റിയുമായിരിക്കും മൂന്നാം ഭാഗം. 

Hero Image
മെഷീൻ ലേണിങ്/ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സീരീസ്

കേംബ്രിഡ്ജ് അനാലിറ്റിക്കയും അതുവഴി ഫേസ്ബുക് പിടിച്ച പുലിവാലുമൊക്കെ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി, ആ വിവരങ്ങൾ ഉപയോഗിച്ച് നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്ന തരം പോസ്റ്റുകൾ നമ്മുടെ ന്യൂസ് ഫീഡിലേക്ക് കടത്തിവിടുകയാണ് കേംബ്രിഡ്ജ് അനാലിറ്റിക്ക ചെയ്തതെന്നും പലരും വായിച്ചിരിക്കും. എന്നാൽ എങ്ങനെയാണ് ഒരാളുടെ വിവരങ്ങളിൽ നിന്നും ഇതെല്ലാം മനസിലാക്കി, എന്തുതരം പോസ്റ്റുകൾ ഇടണം എന്ന തീരുമാനം എടുക്കുന്നതെന്നു പലർക്കും മനസിലായിട്ടുണ്ടാവില്ല. ഇത്രയധികം ഉപയോക്താക്കളുടെ ഡാറ്റ പരിശോധിച്ച് അവരുടെ അഭിരുചികൾ മനസിലാക്കി കൃത്യമായ പോസ്റ്റുകൾ കടത്തിവിടാൻ ഒരു മനുഷ്യനെക്കൊണ്ടു സാധിക്കില്ലെന്നുറപ്പ്. അപ്പോൾ പിന്നെ അത് കമ്പ്യൂട്ടർ തന്നെ. എന്നാലും കമ്പ്യൂട്ടർ ഒരു മെഷിനല്ലേ. അതിനു ഇത്തരത്തിലൊരു കഴിവുണ്ടോ ? കംപ്യൂട്ടറുകൾ സത്യത്തിൽ വെറും മണ്ടന്മാരാണ്. അതിനു ആകെക്കൂടെ കുറെ സംഖ്യകളെ കൂട്ടാനും കുറക്കാനും ഗുണിക്കാനും ഹരിക്കാനും അറിയാം.. നമ്മൾ മനുഷ്യരെപോലെ പഞ്ചേന്ദ്രിയങ്ങളോ അവയിൽനിന്നു വരുന്ന വിവരങ്ങളെ ഏകോപിപ്പിക്കുന്ന ഒരു തലച്ചോറോ ഇല്ല. നമ്മുടെ വിവരങ്ങളെല്ലാം കമ്പ്യൂട്ടറുകൾ കാണുന്നത് സംഖ്യകൾ ആയിട്ടാണ്. എല്ലാവര്ക്കും ബൈനറി നമ്പർ സിസ്റ്റം അറിയാമെന്നു കരുതുന്നു. കമ്പ്യൂട്ടറിൽ എല്ലാം 1 അല്ലെങ്കിൽ 0 ആയിട്ടാണ് എല്ലാം ശേഖരിച്ചുവച്ചിരിക്കുന്നത്. ഇങ്ങനെയുള്ള കുറെ ഒന്നുകളിൽ നിന്നും പൂജ്യങ്ങളിൽ നിന്നും കമ്പ്യൂട്ടറിനെ ഒരു തീരുമാനം എടുക്കാൻ പഠിപ്പിക്കുന്ന ശാസ്ത്രശാഖയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ മെഷീൻ ലേർണിംഗ്.