ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സീരീസ്: ഭാഗം - 3
ന്യൂറൽ നെറ്റ്വർക്കുകൾ 1950 കൾക്ക് മുൻപുള്ള, ഇന്നത്തെ കമ്പ്യൂട്ടർ സയൻസിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും വളർച്ചക്ക് വിത്തുപാകിയ ചില സിദ്ധാന്തങ്ങളാണ് കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത്. അത്തരം സിദ്ധാന്തങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പ്രവർത്തിക്കുന്ന യന്ത്രങ്ങൾ 1950 കൾക്ക് ശേഷമാണ് യാഥാർഥ്യമായത്. അന്നുമുതൽ 2006 വരെയുള്ള കാലമാണ് AI ചരിത്രത്തിലെ രണ്ടാം ഘട്ടം. അതിലേക്കു കടക്കുന്നതിനുമുന്പ് നമ്മൾ ന്യൂറൽ നെറ്റ്വർക്ക് എന്താണെന്ന് മനസിലാക്കേണ്ടതുണ്ട്.
കൃത്രിമബുദ്ധി അഥവാ AI എന്നത് മഷിനുകൾക്കു മനുഷ്യനെപ്പോലെ ചിന്തിക്കാനുള്ള ബുദ്ധി കൃത്രിമമായി നിർമിക്കുന്ന പ്രക്രിയയാണ്. നമ്മുടെ തലച്ചോറിനെയും, അതിലേക്കു ബന്ധപ്പെട്ടിരിക്കുന്ന, നമ്മുടെ ഇന്ദ്രിയങ്ങളിൽനിന്നും സിഗ്നലുകൾ അവിടേക്കെത്തിക്കുന്ന ന്യൂറോണുകളെയും അടിസ്ഥാനപ്പെട്ടാണ് നമ്മുടെ ബുദ്ധി ഇരിക്കുന്നത്. നമ്മുടെ തലച്ചോറിൽ 100 ബില്യണിലധികം ന്യൂറോണുകൾ ഉണ്ടെന്നാണ് കണക്ക്. നമ്മുടെ ഇന്ദ്രിയങ്ങളിൽ നിന്നും വരുന്ന ഇത്തരം കോടിക്കണക്കിനു സിഗ്നലുകളെ ക്രോഡീകരിച്ചാണ് നമ്മുടെ തലച്ചോറ് സംവേദനം (പെർസെപ്ഷൻ) എന്നത് സാധ്യമാക്കുന്നത്. ഉദാഹരണം പറഞ്ഞാൽ, നാം ഒരാളെ കാണുമ്പോൾ അയാളിൽനിന്നും വരുന്ന പ്രകാശകിരണങ്ങൾ നമ്മുടെ കണ്ണിൽ പതിക്കുകയും ആ കിരണങ്ങൾക്കനുസൃതമായി കണ്ണിൽ നിന്നും സിഗ്നലുകൾ തലച്ചോറിലേക്ക് ന്യൂറോണുകൾ എത്തിക്കുകയും ചെയ്യും. ഈ സിഗ്നലുകളിൽ നിന്നാണ് നമ്മുടെ തലച്ചോറ് നാം ആ ആളെ കണ്ടു എന്ന തോന്നൽ അല്ലെങ്കിൽ perception ഉണ്ടാക്കുന്നത്. കാഴ്ചക്ക് തലച്ചോറിലെ visual cortex എന്ന ഭാഗമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. നമ്മുടെ തലച്ചോറ് ന്യൂറോണുകളിൽനിന്നും വരുന്ന സിഗ്നലുകളെ എങ്ങനെ ക്രോഡീകരിക്കുന്നു എന്നത് ഇന്നും നമുക്കധികം മനസിലാകാത്ത വിഷയമാണ്. അത് അറിയില്ലാത്തതുകൊണ്ടാണ് AI തീരുമാനങ്ങൾ (decision making ) എടുക്കാൻ മറ്റു സങ്കേതങ്ങൾ ഉപയോഗിക്കുന്നതും. (മറ്റു സങ്കേതങ്ങളെ പറ്റി വരും ഭാഗങ്ങളിൽ പറയാം)